സ്വയം തൊഴിലിനായി ഈടില്ലാതെ 10 ലക്ഷം രൂപാവരെ; 'എന്റെ ഗ്രാമം'പദ്ധതിയെ കുറിച്ചറിയാം

November 16, 2019 |
|
Columns

                  സ്വയം തൊഴിലിനായി ഈടില്ലാതെ 10 ലക്ഷം രൂപാവരെ; 'എന്റെ ഗ്രാമം'പദ്ധതിയെ കുറിച്ചറിയാം

കേരള സര്‍ക്കാരിന്റെ പ്രത്യേക തൊഴില്‍ദാന പദ്ധതിയാണ് 'എന്റെ ഗ്രാമം' പദ്ധതി. സ്വന്തമായി ഒരു തൊഴില്‍ സംരംഭം ആരംഭിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പരിഗണിക്കാവുന്ന ഒന്നാണിത്. ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് വഴിയാണ് ഈ പദ്ധതി നടപ്പാക്കുന്നത്.  2012-13 വര്‍ഷത്തിലാണ് ഈ പദ്ധതി സര്‍ക്കാര്‍ ആരംഭിച്ചത്.  നാട്ടിന്‍പുറങ്ങളില്‍ കൂടുതല്‍ തൊഴില്‍ സംരംഭങ്ങള്‍ സാധ്യമാകുന്നത് വഴി തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം. കുടുംബ,കുടില്‍ വ്യവസയാങ്ങള്‍ക്ക് അനുയോജ്യമായ പദ്ധതിയാണിത്. 

 

സ്വയം തൊഴില്‍ സംരംഭങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപാവരെ ഈ പദ്ധതിയിലൂടെ ആനുകൂല്യം ലഭിക്കും. വായ്പകള്‍ ബാങ്കുവഴിയാണ് നല്‍കുന്നത്. ഈ വായ്പകള്‍ക്ക് വിവിധ നിരക്കിലാണ് സര്‍ക്കാര്‍ മാര്‍ജിന്‍ മണി ഗ്രാന്റ് നല്‍കുന്നത്. ഇത് ഈ പദ്ധതിയുടെ വലിയൊരു പ്രത്യേകതയാണ്. പട്ടികജാതി/വര്‍ഗ സംരംഭകര്‍ക്ക് 40% മാര്‍ജിന്‍ മണി ഗ്രാന്റായി ലഭിക്കും.മറ്റുപിന്നോക്കക്കാര്‍ക്കും സ്ത്രീകള്‍ക്ക് 30 ശതമാനവും സാധാരണ അപേക്ഷകന് 25%വും മാര്‍ജിന്‍ മണി ഗ്രാന്റായി ലഭിക്കും.ക്രെഡിറ്റ് ഗ്യാരന്റി ട്രസ്റ്റ് ഫണ്ട് പദ്ധതി പ്രകാരം 10 ലക്ഷം രൂപാവരെയുള്ള വായ്പകള്‍ക്ക് ഈട് നല്‍കേണ്ടതില്ല. അതുകൊണ്ടുതന്നെ ഏതൊരു സാധാരണക്കാരനും സ്വയം തൊഴില്‍ എന്ന സ്വപ്‌നം എളുപ്പമുള്ളതാകും.

വിദ്യഭ്യാസയോഗ്യതയോ ഉയര്‍ന്ന പ്രായപരിധിയോ വരുമാന പരിധിയോ അപേക്ഷിക്കാന്‍ തടസ്സമല്ല. പക്ഷെ അപേക്ഷകരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം പഞ്ചായത്തായിരിക്കണം. നഗരസഭാ പരിധിയിലുള്ളവര്‍ക്ക് മുന്‍ഗണനയില്ല. വ്യക്തികള്‍ക്ക് മാത്രമല്ല സഹകരണ സംഘങ്ങള്‍,ചാരിറ്റബിള്‍ അസോസിയേഷന്‍,സ്വയംസഹായ സംഘങ്ങള്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം.സംരംഭത്തന്റെ മൂലധനച്ചെലിവന്റെ ഓരോ ലക്ഷം രൂപയ്ക്കും ഒരാള്‍ക്കെങ്കിലും തൊഴില്‍ നല്‍കിയിരിക്കണമെന്ന നിബന്ധനയുണ്ട്. 

മത്സ്യം,മാംസം,ലഹരി,പുകയില തുടങ്ങിയവയില്‍ അധിഷ്ഠിതമായ സംരംഭങ്ങള്‍ക്ക് വായ്പ ലഭിക്കില്ല.നേരിട്ടുള്ള പച്ചക്കറി കൃഷി,ആട്,കോഴി,പശു തുടങ്ങിയയുടെ ഫാമുകള്‍,തേയില,കാപ്പി.റബര്‍ കൃഷികള്‍ക്ക് വേണ്ടിയും അപേക്ഷിക്കാതിരിക്കുന്നതാണ് നല്ലത്. പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ പോലെ പരിസരമലിനീകരണ സാധ്യതയുള്ള സംരംഭങ്ങള്‍ക്കും വായ്പ നല്‍കില്ല. ഖാദി നൂല്‍പ്,നെയ്ത്ത് വ്യവസായങ്ങളും പരിഗണനാപട്ടികയുടെ പുറത്താണ്. 

അപേക്ഷിക്കാന്‍ താല്‍പ്പര്യപ്പെടുന്നവര്‍ ഖാദിബോര്‍ഡിന്റെ ജില്ലാ ഓഫീസുകളുമായി ബന്ധപ്പെട്ടാല്‍ അപേക്ഷാഫോറം ലഭിക്കും. വായ്പ എടുക്കാന്‍ ഉദ്ദേശിക്കുന്ന ബാങ്കുമായി മുന്‍കൂട്ടി തന്നെ സംസാരിച്ച് വായ്പാ ലഭ്യത ഉറപ്പുവരുത്താന്‍ മറക്കരുത്. അപേക്ഷകന്റെ തിരിച്ചറിയല്‍ രേഖകള്‍,സംരംഭം ആരംഭിക്കുന്ന കെട്ടിടം സ്വന്തമാണെങ്കില്‍ അതിന്റെ രേഖകള്‍,പദ്ധതി രൂപരേഖ തുടങ്ങിയവ സഹിതം വേണം അപേക്ഷിക്കാന്‍. ശേഷം ഖാദിബോര്‍ഡിന്റെ അഭിമുഖത്തിന് ശേഷം ജില്ലാതല മോണിറ്ററിങ് കമ്മറ്റിയാണ് ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുക.

ശേഷം നിങ്ങളെ തെരഞ്ഞെടുത്ത് കഴിഞ്ഞാല്‍ ബാങ്കിന്റെ അക്കൗണ്ടിലേക്ക് മാര്‍ജിന്‍ മണി ഗ്രാന്റ് എത്തും. ഈ തുക സ്ഥിരനിക്ഷേപമായി ബാങ്കില്‍ സൂക്ഷിക്കേണ്ടതാണ്. രണ്ട് വര്‍ഷം നിങ്ങളുടെ സംരംഭത്തിന്റെ പ്രവര്‍ത്തനം വിലയിരുത്തിയ ശേഷം വായ്പാകണക്കിലേക്ക് ഈ തുക വരവ് വെയ്ക്കും.ഇതിനുള്ള പലിശ കൃത്യമായി നിങ്ങളുടെ സ്ഥാപനത്തിന് ലഭിക്കും. 

Related Articles

© 2025 Financial Views. All Rights Reserved